ആയുർവേദ ചുമ മരുന്ന് കഴിച്ചു, 6 പേരുടെ മരണം; ഗുജറാത്തിൽ റെയ്ഡ്, 7 പേർ അറസ്റ്റിൽ, മരുന്ന് പിടിച്ചെടുത്തു

news image
Dec 2, 2023, 5:50 am GMT+0000 payyolionline.in

സൂറത്ത്: ഗുജറാത്തിൽ ആയുർവേദ ചുമമരുന്ന് കഴിച്ച് അറ് പേർ മരിച്ച സംഭവത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പൊലീസ് 7 പേരെ അറസ്റ്റ് ചെയ്തു. സൂറത്തിലെ എഴിടങ്ങളിലായി നടത്തിയ പരിശോധനയിൽ 2195 കുപ്പി ചുമമരുന്ന് പൊലീസ് പിടിച്ചെടത്തുണ്ട്. ഗുജറാത്തിലെ ഖേഡയിൽ ആണ് ചുമയ്ക്കുള്ള ആയുർവേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകൾ ഉണ്ടായി ആറ് പേർ മരണപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിന് പിന്നാലെ ആയുർവേദ മരുന്ന് കമ്പിനിയുടെ ഉടമകൾ ഒളിവിൽ പോയിരുന്നു.  ആയുർവേദ സിറപ്പ് വിൽപനക്കാരെ പിടികൂടാൻ ഗുജറാത്തിലുടനീളം പോലീസിനെ വിന്യസിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. തുടർന്ന് സൂറത്ത് പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുണ്ടാക്കിയാണ് റെയ്ഡ് നടത്തിയതെന്ന് സൂറത്ത് ഡിസിപി രാജ്ദീപ് നക്കും പറഞ്ഞു. ഗോദദ്രയിൽ  നിന്ന് ഒരാളെയും കപോദ്രയിൽ നടന്ന പരിശോധനയിൽ രണ്ട് പേരും വരാച്ചയിൽ രണ്ട് പേരും പിടിയിലായി. ഒരാളെ പൂനയിൽ നിന്നും ഒരു പ്രതിയെ അമ്രോലി മേഖലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ സിറപ്പുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സിറപ്പിലെ മദ്യത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത എല്ലാ സിറപ്പുകളുടെയും എഫ്എസ്എൽ റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം  ആരംഭിക്കുമെന്ന് ഡിസിപി   പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളിൽ  അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe