ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം

news image
Nov 29, 2026, 6:15 am GMT+0000 payyolionline.in

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ഗവേണിംഗ് കൗൺസിലിന്റേതാണ് തീരുമാനം. വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഈ തീരുമാനം വിവിധ വിദ്യാർഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കുമെന്നാണ് വിലയിരുത്തൽ. മുമ്പും പല കോളജുകളിലും സമാനമായ സർക്കുലറുകൾ ഇറക്കുകയും ഇത് വൻ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ക്യാംപസുകളിൽ പ്രകടനങ്ങൾ നടത്തുക, യോഗങ്ങൾ ചേരുക, പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക, കലാപരിപാടികൾ സംഘടിപ്പിക്കുക എന്നിവയ്ക്ക് സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന വ്യവസ്ഥയാണ് ഏറ്റവും ശ്രദ്ധേയം. ഇത് ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകും എന്നുമാണ് വിവരം.

ക്യാംപസിൽ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾ കൊണ്ടുവരുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വിദ്യാർഥി സംഘടനകളുടെ യോഗങ്ങൾ ചേരാനുൾപ്പെടെ സ്ഥാപന മേധാവിയുടെ അനുമതി ആവശ്യമായി വരും. വിദ്യാർഥി സംഘടനകൾ ഈ തീരുമാനത്തിൽ ഇതിനോടകം തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe