ആര്യ രാജേന്ദ്രൻ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക് തട്ടകം മാറ്റുന്നു; അപേക്ഷ പാർട്ടി പരിഗണനയിൽ

news image
Nov 7, 2026, 2:10 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ പ്രവർത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആര്യ രാജേന്ദ്രൻ പാർട്ടിയുടെ അനുമതി തേടി. ആര്യ രാജേന്ദ്രൻ്റെ അപേക്ഷ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന സെൻ്ററിന് കൈമാറി. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അപേക്ഷയിൽ സംസ്ഥാന സമിതി തുടർ തീരുമാനം എടുക്കും. പാർട്ടി അനുമതി നൽകിയാ‍ൽ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.

തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും പ്രായ കുറ‍ഞ്ഞ സ്ഥാനാർത്ഥിയായിട്ടാണ് ആര്യ രാജേന്ദ്രൻ എത്തിയത്. വിജയിച്ചുവെന്ന് മാത്രമല്ല, മേയർ സ്ഥാനത്തേക്കും ആര്യ എത്തി. മേയർ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം. ഇത്തവണ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിൻറെ കനത്ത തോൽവിക്ക് പിന്നാലെ ആര്യക്കെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലും സംഘടനാ പരിപാടികളിൽ ആര്യ നേരത്തെ തന്നെ സജീവമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe