ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ആറ്റുകാൽ ക്ഷേത്ര ഓഫീസിൽ കഴിഞ്ഞ നടന്ന അവലോകന യോഗത്തിൽ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ വനിതാ പോലീസുകാരെയും ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരെയും ഉത്സവ മേഖലയിൽ നിയോഗിക്കും. ഭക്തജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ക്ഷേത്ര പരിസരത്ത് മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തിക്കും.
ക്ഷേത്രത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നീളാൻ സാധ്യതയുള്ളതിനാൽ വിപുലമായ ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപരിസരത്തിന് പുറമെ വിവിധ കേന്ദ്രങ്ങളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് സേവനം ലഭ്യമാക്കും. പരാതികൾക്ക് ഇടമില്ലാത്ത വിധം ഉത്സവ ക്രമീകരണങ്ങൾ പൂർത്തിയാക്കാനാണ് വിവിധ വകുപ്പുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
