ആറ് വയസുകാരിയെ പൊലീസ് ക്യാമ്പിലെത്തിച്ചു, പ്രതികളെ തിരിച്ചറിഞ്ഞു, നിര്‍ണായക മൊഴി നൽകി സഹോദരനും

news image
Dec 2, 2023, 9:47 am GMT+0000 payyolionline.in

തിരുവനന്തപുരം : കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിയായ പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു. പെൺകുട്ടിയെയും സഹോദരനെയും ക്യാമ്പിൽ കൊണ്ട് വന്നാണ് തിരിച്ചറിയൽ നടത്തിയത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോൾ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്നാണ് സഹോദരൻ മൊഴി നൽകിയത്.

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട് പോകൽ, കടബാധ്യത തീർക്കാനാണെന്നാണ് പത്മകുമാർ നൽകിയ മൊഴി. പണം ചോദിച്ച് പെൺകുട്ടിയുടെ അമ്മയെ വിളിച്ചത് ഭാര്യയെന്നും മൊഴി നൽകി. മകൾ അനുപമ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബറാണ്. പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ അല്പം മുൻപ് എത്തിച്ചു. നിരവധി നാട്ടുകാരാണ് സ്റ്റേഷനിൽ പ്രതികളെ കാണാനായി തടിച്ചു കൂടിയത്. മുഖം മറച്ച നിലയിലാണ് പ്രതികളെയെത്തിച്ചത്.

പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 1993 ൽ ടി കെ എം എഞ്ചിനിയറിംഗ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe