ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; സ്കൂളിൽ പൊതുദർശനം

news image
Jul 30, 2023, 2:42 am GMT+0000 payyolionline.in

ആലുവ:  ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അതിനു മുന്നോടിയായി മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സഹപാഠികളും അധ്യാപകരും ഉൾപ്പെടെ ആദരാഞ്ജലി അർപ്പിക്കും. അതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസഫാക്ക് മൊഴി നൽകി.

കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവുകളുള്ളതായി പോസ്റ്റ്മോ‍ർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് കണ്ടെത്തൽ. പ്രതിയെ 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് അ‍ഞ്ചു വയസുകാരിയുടെ മൃതദേഹമുള്ളത്. ഏഴരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.ഏഴരയോടെ വിട്ടുകിട്ടുന്ന മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും.

ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം  കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലികൾ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്. അയാൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.  അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. മദ്യ ലഹരിയിലായിരുന്ന പ്രതിയിൽ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe