കൊല്ലം: നാടിനെ മുൾമുനയിൽ നിർത്തിയ ആശങ്കക്ക് വിരാമം. മാതാവ് വഴക്കുപറഞ്ഞതിന് കൊല്ലത്ത് നിന്ന് വീടുവിട്ടിറങ്ങിയ 13 കാരിയെ മലപ്പുറം തിരൂരിൽ കണ്ടെത്തിയതായി വിവരം. കൊല്ലത്തുനിന്ന് ട്രെയിനിൽ കയറിയാണ് കുട്ടി പോയത്. കുട്ടിയെ കണ്ടെത്തിയവർ പൊലീസിൽ അറിയിക്കുകയായിരുന്നു. കുട്ടി മാതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പൊലീസ് പറഞ്ഞു.
ആവണീശ്വരം കുളപ്പുറം സ്വദേശിയായ കുട്ടിയെയാണ് ഇന്നലെ ഉച്ച രണ്ടുമണി മുതൽ കാണാതായത്. തുടർന്ന് കുടുംബം വൈകീട്ട് ആറരയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് കരുതുന്നു.