ബഹിരാകാശ നിലയത്തിൽ ആഹ്ളാദത്തിന്റെയും ശാസ്ത്ര ലോകത്തിന് ആശ്വാസത്തിന്റെയും ദിവസം. 2024 ജൂണ്‍ മുതൽ ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ യാത്രികർ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട സംഘം പേടകത്തിനകത്ത് പ്രവേശിച്ചു.
വലിയ സന്തോഷത്തോടെ സ്പേസ് എക്സ് ക്രൂ-10 ദൗത്യ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ഓരോരുത്തരായി പേടകത്തിന് അകത്തേക്ക് കടക്കുമ്പോൾ തലകുലുക്കിക്കൊണ്ട് നൃത്തഭാവത്തിൽ സുനിതയുടെ ദൃശ്യം വ്യക്തമാവുന്നു. ക്രൂ പ്രവേശിക്കുന്ന ആദ്യ ദൃശ്യം അവർ ക്യാമറയിൽ പകർത്തുന്നു. ഓരോരുത്തരായി അന്തരീക്ഷത്തിൽ പറന്ന് നടന്ന് പരസ്പരം ആലിംഗനം ചെയ്യുകയും അഭിനന്ദിക്കയും ചെയ്യുന്നു.
സ്പേസ് സ്റ്റേഷനിൽ നിന്നും നിയന്ത്രണ കേന്ദ്രമായ ജോൺസൺ സ്പേസ് സെന്ററിൽ നിന്നുമുള്ള ദൃശ്യങ്ങൾ എക്സിൽ ലഭ്യമാക്കി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്ലെയിന്‍, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് സ്പേസ് എക്സ് ക്രൂ പുറപ്പെട്ടത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-നാണ് ഇത്. സ്പേസ്എക്സ് ഫാല്‍ക്കണ്‍-9 റോക്കറ്റിലായിരുന്നു യാത്ര. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് അഥവാ ബന്ധിപ്പിക്കൽ സാധ്യമാക്കി.
ഇന്ത്യന്‍ സമയം രാവിലെ 10.30-ഓടെയാണ് പരസ്പരം തുറക്കുന്ന ഘട്ടത്തിലെ ഹാച്ചിങ് ആരംഭിച്ചത്. രാവിലെ 11.05-ന് വാതിലുകൾ പരസ്പരം തുറന്നു. തുടര്‍ന്ന് ക്രൂ-10 ലെ അംഗങ്ങള്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. മാർച്ച് 19 ന് തിരികെ ഭൂമിയിലേക്ക് പുറപ്പെടാനാണ് തീരുമാനം. രണ്ടു തവണ മാറ്റിവെച്ച രക്ഷാ പ്രവർത്തനമാണ് യാത്രാ സംഘം നിർവ്വഹിച്ചത്. 28 മണിക്കൂറാണ് സ്പേസ് എക്സ് ക്രൂ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചേരാൻ എടുത്തത്. കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാറിനെത്തുർന്ന് ഇരുവരുമില്ലാതെ സ്റ്റാർ പേടകം തിരിച്ചു പോന്നു.
ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് തുടക്കം. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയും ചെയ്തു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്. ഇത്രയും നാളത്തെ ബഹിരാകാശവാസം വലിയ ശാരീരിക വെല്ലുവിളികളാവും അവർക്ക് സമ്മാനിക്കുക. പാദങ്ങൾ പോലും കുട്ടികളുടെത് പോലെയാവും എന്നാണ് പഠനങ്ങൾ.
ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷത്തിൽ ഇത്രയും നാൾ കഴിഞ്ഞത് രക്തചംക്രമണ വേഗത്തെ ബാധിക്കും. എല്ലുകളുടെ സാന്ദ്രത കുറയുന്നത് നടക്കാനും മറ്റും വെല്ലിവിളി ഉയർത്തും. റേഡിയേഷൻ പ്രശ്നങ്ങളും കൂടുതലായി ഉണ്ടാവാം. ഇവയെല്ലാം ചേരുന്ന മാനസിക പ്രശ്നങ്ങളും ബാധിക്കാം എന്നും നാസ പഠനങ്ങൾ പറയുന്നു.