തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെ പ്രതി ചേർത്താണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കോർപ്പറേഷൻ ഭരണം നിലനിർത്താൻ ക്രമക്കേട് നടത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് എഫ്.ഐ.ആറിൽ ചുമത്തിയിട്ടുള്ളത്. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് പോലീസിന്റെ നടപടി.
സുഗതന്റെ ഒപ്പ് പൂർണമായും വ്യാജമാണെന്ന് എൽ.ഡി.എഫ്. ആരോപിച്ചു. സുഗതൻ ഒളിവിൽ കഴിഞ്ഞ സമയത്ത് നടന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് അഫിഡവിറ്റിലെയും അറ്റൻഡൻസ് രജിസ്റ്ററിലെയും ഒപ്പുകൾ തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും ദീപക് ചൂണ്ടിക്കാട്ടി. ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് എൽ.ഡി.എഫ്. തീരുമാനം.
കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ മേയറുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമക്കേട് നടത്തിയെന്നാണ് സി.പി.ഐ.എം. ഉന്നയിക്കുന്ന പ്രധാന ആരോപണം. ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ വ്യാജ ഒപ്പിട്ടതായി വിവരാവകാശ രേഖകൾ സഹിതമാണ് എൽ.ഡി.എഫ്. പരാതി നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ്. നേതൃത്വം സർക്കാരിനെയും സമീപിച്ചിട്ടുണ്ട്.
