കൊട്ടിയൂർ: പാൽച്ചുരത്തിൽ 100 മീറ്റർ താഴ്ചയിലേക്ക് ലോറി മറിഞ്ഞത് മുന്നറിയിപ്പ് അവഗണിച്ചതിനാലാണെന്ന് വിവരം. ബോയ്സ്ടൗൺ പാൽചുരം വഴി ലോഡുമായി വരരുതെന്ന് കൊളക്കാട്ടെ കമ്പനിയിൽനിന്ന് ലോറിക്കാരെ അറിയിച്ചിരുന്നതായാണ് വിവരംഎന്നാൽ ഗൂഗിൾ മാപ്പ് നോക്കി വന്നതിനാലാകാം ഇതേ വഴിയിലെത്തിയതെന്നാണ് കരുതുന്നത്. ചെങ്കുത്തായ ഇറക്കമുള്ള, വീതി കുറഞ്ഞ റോഡിലൂടെ വലിയ ലോറികൾ കടന്നുപോകുന്നത് ബുദ്ധിമുട്ടാണ്. നാല് വർഷം മുമ്പ് ഇതേ ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞ ലോറി എടുക്കാൻ സാധിക്കാതെ വന്നതോടെ ഉപേക്ഷിക്കുകയായിരുന്നുഛത്തീസ്ഗഡിൽനിന്ന് വന്ന ലോറിയാണ് ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ പാൽച്ചുരത്തിലെ കൊക്കയിലേക്ക് മറിഞ്ഞത്. കണിച്ചാർ കൊളക്കാടുള്ള മെഷ് കമ്പനിയിലേക്ക് കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഡ്രൈവർ ശെന്തിൽ കുമാർ (54) മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശിയായ ക്ലീനർ ശെന്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. 100 മീറ്ററോളം താഴ്ചയിലേക്കാണ് വീണത്. തകർന്നുതരിപ്പണമായ ലോറി തിരിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.ദുർഘടമായ ബോയ്സ്ടൗൺ പാൽചുരം റോഡിൽ അപകടങ്ങൾ പതിവാണ്. സ്ഥിരമായി പോകുന്ന ചെങ്കൽ ലോറിക്കാർ മാത്രമാണ് ഈ വഴി ഉപയോഗിക്കുന്നത്. മറ്റു ലോറിക്കാരൊന്നും പാൽചുരം വഴി പോകാറില്ല. കടുത്ത കോടയും മഴയും ഉള്ളപ്പോൾ ഡ്രൈവർമാർക്ക് റോഡ് കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇന്നലെ രാത്രിയിൽ അപകടമുണ്ടായപ്പോൾ ചുരത്തിൽ കനത്ത മഴയും കോടയുമുണ്ടായിരുന്നു.
