പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന ചൊല്ല് പോലെ, ഇന്നലെ വിലയിൽ നേരിയ കുറവ് വന്നത് വമ്പൻ വർധനക്കായിരുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് സ്വർണം. ഒരു ഗ്രാമിന് 210 രൂപയും ഒരു പവന് 1680 രൂപയും വർധിച്ച് സ്വർണം പവന് 93,720 രൂപയായി. ഒരു പവൻ സ്വർണത്തിന് 92040 രൂപയായിരുന്നു വില. ഇതിലാണ് ഒറ്റയടിക്ക് 1680 രൂപ വർധിച്ചത്.
വിവാഹപ്പാർട്ടിക്കാർക്ക് അടക്കം വലിയ തിരിച്ചടിയാണ് വില വർധനവിലൂടെ ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നതും. അതേസമയം, ഉച്ച കഴിഞ്ഞ് വില വീണ്ടും വർധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
നവംബർ 5 ന് 89,080 രൂപയായിരുന്നു വില. വിലകുറഞ്ഞത് കുറച്ച് ആശ്വാസം നൽകിയെങ്കിലും അല്പനേരത്തെ ആയുസ് മാത്രമേ അതിനുണ്ടായിരുന്നുള്ളു. ഒക്ടോബര്‍ മാസം സ്വർണം റെക്കോഡ് വിലയിലെത്തിയിരുന്നു. 97,000 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. പണിക്കൂലി കൂടി ചേർത്ത് അന്ന് ആഭരണ വില ഒരു ലക്ഷം കടന്നിരുന്നു.
