മലയാളികളുടെ അടുക്കളയിൽ സ്ഥിരമായി സ്ഥാനം കിട്ടിയ ചില ആളുകൾ ഉണ്ട്. അവരിൽ പ്രധാനിയാണ് ഇഞ്ചി. ഇവനില്ലാതെ ഒരു കറി, അത് ചിന്തിക്കാൻ പോലും കഴിയില്ല. എന്തുവെച്ചാലും അൽപ്പം ഇഞ്ചി ഇട്ടാൽ അതിനൊരു കേരളീയ ടേസ്റ്റ് തന്നെ കിട്ടും. രുചി മാത്രമല്ല, ഗുണത്തിനും ഇഞ്ചി ഏറെ മുന്നിലാണ്. നൂറ്റാണ്ടുകളായി ചികിത്സകള്‍ക്ക് ഇഞ്ചി നമ്മള് ഉപയോഗിച്ചു വരുന്നു. ജലദോഷം, പനി പോലുള്ള അവസ്ഥകള്‍ തടയാനും ഉദരരോഗ ശമനത്തിനുമെല്ലാം ഇഞ്ചി ബെസ്റ്റാണ്. പക്ഷെ ഇവനെ ഒന്ന് സൂക്ഷിക്കാനാണ് പാട്. ഒന്ന് കണ്ണ് തെറ്റിയാൽ അപ്പോൾ തന്നെ ചീത്ത ആയി പോകും. വില കൂടുതൽ ആയതുകൊണ്ട് ഇഞ്ചി സൂക്ഷിക്കുക തന്നെ വേണം
പുതിയ ഇഞ്ചി കുറേക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍, വായു കടക്കാത്ത ഒരു പാത്രത്തിലോ സിപ്ലോക്ക് ബാഗിലോ ആക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ഇഞ്ചി കടയില്‍ നിന്നും വാങ്ങി കൊണ്ടു വന്ന ഉടനെ തന്നെ നന്നായി കഴുകണം. അല്ലെങ്കില്‍ ഇതിലുള്ള അഴുക്കും ബാക്ടീരിയകളും മറ്റും അടുത്തുള്ള മറ്റു പച്ചക്കറികളിലേക്ക് കൂടി പടരും.
ഒരിക്കല്‍ തൊലി കളഞ്ഞ ഇഞ്ചി, ഓക്സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതില്‍ പൂപ്പലും മറ്റും പെട്ടെന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തൊലികളഞ്ഞ ഇഞ്ചി പ്ലാസ്റ്റിക് റാപ്പിൽ മുറുക്കെ പൊതിയുക, ഇത് ഫ്രിഡ്ജില്‍ വച്ചാല്‍ മൂന്നാഴ്ച വരെ കേടുകൂടാതെ ഇരിക്കും.
കറികളും മറ്റും ഉണ്ടാക്കിയ ശേഷം ബാക്കിവന്ന അരിഞ്ഞ ഇഞ്ചിയും സൂക്ഷിച്ചു വയ്ക്കാം. ഇത് ഒരു പ്ലാസ്റ്റിക് ബാഗിലോ ഫ്രീസർ ഫ്രണ്ട്ലി കണ്ടെയ്നറിലോ ആക്കിയ ശേഷം ഫ്രീസറില്‍ വയ്ക്കാം.
ഏതെങ്കിലും തരത്തിലുള്ള അസിഡിക് മിശ്രിതത്തിൽ മുക്കി വയ്ക്കുന്നത് ഇഞ്ചി ഫ്രഷായി ഇരിക്കാൻ സഹായിക്കും. നാരങ്ങ നീരോ വിനാഗിരിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി ഉണക്കിപൊടിച്ചെടുത്തു വയ്ക്കുന്നതും ഗുണകരമാണ്.