ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണം തുടരുന്നു; പൂഞ്ചിൽ പാകിസ്താനിൽ നിന്ന് കനത്ത ഷെല്ലാക്രമണമെന്ന് റിപ്പോർട്ട്

news image
May 9, 2025, 4:42 pm GMT+0000 payyolionline.in

ശ്രീന​ഗർ: പൂഞ്ച് സെക്ടറിൽ വീണ്ടും ആക്രമണം തുടർന്ന് പാകിസ്താൻ. പൂഞ്ചിൽ പാകിസ്താനിൽ നിന്നുള്ള കനത്ത ഷെല്ലാക്രമണം നടക്കുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലും സമാനമായ തരത്തിൽ പൂഞ്ച് സെക്ടറിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു. അതിര്‍ത്തി രേഖ(എല്‍ഒസി)യ്ക്ക് സമീപം നടത്തിയ കടുത്ത ഷെല്ലാക്രമണത്തിൽ രണ്ട് വിദ്യാ‍ർത്ഥികൾ കൊല്ലപ്പെട്ടതായി വിദേശകാര്യ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.

‘സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ വീട്ടിലും ഷെല്ലാക്രമണമുണ്ടായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇരുവരുടെയും മാതാപിതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണം നടക്കുമ്പോള്‍ സ്‌കൂളിലെ സ്റ്റാഫുകളും പ്രദേശ വാസികളും സ്‌കൂളിനകത്തുള്ള ഭൂഗര്‍ഭ അറയില്‍ അഭയം തേടി’, വിക്രം മിസ്രി പറഞ്ഞു.

ആക്രമണം നടക്കുമ്പോള്‍ സ്‌കൂള്‍ അടച്ചിരുന്നത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ഒരുപാട് നഷ്ടമുണ്ടായേനെയെന്നും മിസ്രി പറഞ്ഞു. ഗുരുദ്വാരകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ ആരാധനാലയങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. ഈ രീതി തരംതാഴ്ന്നതാണെന്നും വിക്രം മിസ്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം, പാകിസ്താന്‍ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണെന്നും കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങും വിശദീകരിച്ചു. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചതായി കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു. ‘തുര്‍ക്കിഷ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഭട്ടിന്‍ഡ വിമാനത്താവളം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ നീക്കമുണ്ടായി. പാകിസ്താന്‍ നാനൂറോളം ഡ്രോണുകളാണ് ഉപയോഗിച്ചത്’, സോഫിയാ ഖുറേഷി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe