ഇനി 12 മണിക്കൂര്‍ ജോലി; മലയാള സിനിമയില്‍ തൊഴില്‍ സമയം കുറച്ച് പുതിയ കരാര്‍

news image
Feb 9, 2026, 3:10 pm GMT+0000 payyolionline.in

മലയാള സിനിമയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം കുറച്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയും. ഇതനുസരിച്ച് ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടായിരുന്ന പതിനാറര മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. ഇത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കരാര്‍ നാളെ മുതല്‍ നടപ്പാകും. ഷൂട്ടിംഗ് ആരംഭിച്ച് സംവിധായകൻ ‘പാക്കപ്പ്’ പറയുന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയമായിരുന്നു ആദ്യ കാലങ്ങളിലെ കോൾഷീറ്റ്‌. എന്നാല്‍ പിന്നീട് ഫെഫ്കയുടെ നേതൃത്വത്തില്‍ ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെ നൈറ്റ് ഷൂട്ടിന് തൊഴിലാളുകള്‍ക്ക് അധിക വേതനമെന്ന കാര്യം നിര്‍മ്മാതാക്കള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ അപ്പോഴും ജോലിസമയം കൂടുതലാണെന്ന പരാതി നിലനിന്നിരുന്നു. അതിനാണ് മാറ്റം വരാന്‍ പോകുന്നത്.

ഇനി പുതിയ കരാര്‍

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്ന് ഒപ്പ് വച്ചിരിക്കുന്ന പുതിയ കരാര്‍ പ്രകാരം സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും. ഉച്ചയ്ക്കും രാത്രി ജോലിയില്‍ അത്താഴത്തിന് ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളിലെ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്ന ആവശ്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. അഭിനേതാക്കളെ ഉള്‍പ്പെടുത്തി പുതിയ കരാറിനും ഫെഫ്ക നീക്കം ആരംഭിച്ചിട്ടുണ്ട്സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്‍റെ ഭാഗമാകണമെന്നാണ് സംഘടനയുടെ ആവശ്യം. നിര്‍മ്മാതാവും സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാക്കളും ചേര്‍ന്നുള്ള പുതിയ കരാര്‍ ഉടന്‍ വരുമെന്നും സമയബന്ധിതമായി ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe