ഇന്ത്യക്ക് വീണ്ടും കോടികളുടെ ആയുധം വിൽക്കാനൊരുങ്ങി അമേരിക്ക. ആന്റി ടാങ്ക് മിസൈലുകൾ, വിക്ഷേപണ യൂണിറ്റുകൾ, ആർട്ടിലറി വെടിക്കോപ്പുകൾ അടക്കം 93 മില്യൺ ഡോളറിന്റെ (ഏകദേശം 823 കോടി രൂപ) ആയുധങ്ങളാണ് ഇന്ത്യക്ക് നൽകുന്നത്. ആയുധ കൈമാറ്റത്തിന് അംഗീകാരം ലഭിച്ചതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി യുഎസ് കോൺഗ്രസിനെ അറിയിച്ചു.
പ്രശസ്തമായ 100 FGM-148 ജാവലിൻ ആന്റി ടാങ്ക് മിസൈലുകൾ, 25 ലൈറ്റ്വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ, 216 M982A1 എക്സ്കാലിബർ പ്രിസിഷൻ-ഗൈഡഡ് ആർട്ടിലറി റൗണ്ടുകൾ എന്നിവയാണ് യുഎസിൽ നിന്ന് ഇന്ത്യയുടെ ആയുധപ്പുരയിലേക്ക് എത്തുന്നത്.
യുഎസിന്റ ആയുധപ്പാക്കേജിൽ ലൈഫ് സൈക്കിൾ സപ്പോർട്ട്, ഓപ്പറേറ്റർ പരിശീലനം, സുരക്ഷാ പരിശോധനകൾ, ലോഞ്ച് യൂണിറ്റുകൾക്കുള്ള നവീകരണ സേവനങ്ങൾ, പൂർണ്ണ പ്രവർത്തന ശേഷി ഉറപ്പാക്കാൻ ആവശ്യമായ മറ്റ് അനുബന്ധ ഘടകങ്ങൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. യുഎസ് – ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ ശേഷി വർധിപ്പിക്കുന്നതിനുമാണ് വിൽപ്പന ലക്ഷ്യമിടുന്നതെന്ന് ഡി എസ് സി എ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ചൈനക്ക് മേൽക്കൈയുള്ള ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലകളിൽ അമേരിക്കൻ ആയുധങ്ങളുടെ ഒഴുക്ക് വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ശതകോടികളുടെ ആയുധ കൈമാറ്റത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു
