ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയം കൃത്യമായി വീക്ഷിക്കുമെന്ന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സൈബർ തട്ടിപ്പ് കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കാമെന്നും കോടതി മുന്നറിയപ്പ് നൽകി.
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള ഇതുവരെയുള്ള കേസുകളുടെ വിശദ വിവരങ്ങൾ നൽകണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. സൈബർ തട്ടിപ്പ് കേസുകളിൽ ഒരു കേന്ദ്രീകൃത അന്വേഷണ ഏജൻസിയുടെ ഇടപെടൽ ആവശ്യമാണെന്നാണ് ജസ്റ്റിസ് സൂര്യ കാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ വിഷയത്തിൽ സംസ്ഥാനങ്ങളുടെ വാദം കേൾക്കാതെ ഒരു നിർദേശവും പുറത്തിറക്കില്ലെന്നും കോടതി വ്യക്തമാക്കി.
സൈബർ തട്ടിപ്പ് സംബന്ധിച്ച ചില കേസുകൾ നിലവിൽ സി.ബി.ഐ കൈകാര്യം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചു. ദേശീയ തലത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും സ്രോതസ്സും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുണ്ടോ എന്ന് ബെഞ്ച് ആരാഞ്ഞു. മുമ്പ് സാമ്പത്തിക തട്ടിപ്പുകൾ സി.ബി.ഐ അന്വേഷിക്കുന്ന സമയത്ത് കേസുകളുടെ ബാഹുല്യം ഏജൻസിയെ പ്രതിസന്ധിയിലാക്കിയത് കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഡിജിറ്റൽ കുറ്റ കൃത്യങ്ങളുടെ എണ്ണം 2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഇരട്ടി ആയതായി മാർച്ചിൽ കേന്ദ്ര സർക്കാർ പാർലമെന്‍റിൽ പറഞ്ഞിരുന്നു. നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ റിപ്പോർട്ട് പ്രകാരം 2022 ൽ 39, 925 ഡിജിറ്റൽ തട്ടിപ്പ് കേസുകളിൽ നിന്നായി 91.14 കോടി രൂപയാണ് നഷ്ടമായത്. 2024 ആയപ്പോഴേക്ക് 1,23,672 കേസുകളിൽ നിന്നായി 19,35.51 കോടി രൂപ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. 2025ലെ ആദ്യ രണ്ടു മാസങ്ങളിൽ മാത്രം 17,728 സൈബർ തട്ടിപ്പ് കേസുകളും 210.21 കോടി രൂപ സാമ്പത്തിക നഷ്ടവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
