ഇന്ത്യയില്‍ വാട്‌സ്ആപ് ഫിഷിങ് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

news image
Sep 24, 2025, 6:15 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാട്‌സ്ആപ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൗരന്മാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഇതിനകം 7.8 ലക്ഷത്തിലധികം സിം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തത്. ഇതിനു പുറമേ 83000 വാട്‌സ്ആപ് അക്കൗണ്ടുകള്‍, സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 3000ത്തിലധികം സ്‌കൈപ് ഐഡികള്‍ എന്നിവയും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബുണ്ടി സഞ്ജയ് കുമാര്‍ അറിയിച്ചു.

 

ഡിജിറ്റല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാനും സൈബര്‍ സുരക്ഷ ശക്തമാക്കാനുമാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 1930 എന്ന് സൈബര്‍ കുറ്റകൃത്യ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ ഒരു പോര്‍ട്ടലും (Check & Report Suspect) ആരംഭിച്ചിട്ടുണ്ട്. ഇവിടെ പൗരന്മാര്‍ക്ക് സംശയാസ്പദമായ കോളുകളും വാട്‌സ്ആപ് സന്ദേശങ്ങളും ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.

 

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയും ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പും സഹകരിച്ച് ‘സ്‌കാം സേ ബച്ചോ’ എന്ന പേരില്‍ ക്യാമ്പയിനുകളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ വാട്‌സ്ആപ് ഫിഷിങ് സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍. അടുത്തിടെ, ഹൈദരാബാദില്‍ 72 വയസുള്ള റിട്ടയേഡ് അസിസ്റ്റന്റ് സെക്രട്ടറിക്ക് 1.85 ലക്ഷം രൂപ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിരുന്നു. ഹൈദരാബാദ് മെട്രോപൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡില്‍ നിന്നുള്ള സന്ദേശം എന്ന വ്യാജേനയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തിയത്. ബോര്‍ഡിന്റെ ലോഗോയുള്ള അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചത്. വാട്ടര്‍ ബില്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 13 രൂപ ‘ടോക്കണ്‍ പേയ്മെന്റ്’ നടത്തണമെന്ന് ആവശ്യപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് വയോധികന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 10 അനധികൃത ഇടപാടുകളിലൂടെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തില്‍ ഐടി ആക്ടീവ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ കുറ്റവാളികള്‍ എത്രത്തോളം ശക്തരാണെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe