ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചതെന്നും ഇത് ഒറ്റപ്പെട്ട കേസാണെന്നും കേന്ദ്രം അറിയിച്ചു.
ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
2022 ജൂലൈ മുതൽ ഇന്ത്യയിൽ സമാനമായ 30 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളെയും പ്രതിരോധത്തെയും കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു.