പെർപ്ലെക്സിറ്റി എ.ഐ, ചാറ്റ് ജി.പി.ടി, അറാട്ടൈ എന്നീ ആപ്പുകൾക്കെല്ലാം ലഭിക്കുന്ന വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഇത് ആപ്സ്റ്റോറിലും പ്ലേസ്റ്റോറിലും എല്ലാം പ്രതിഫലിക്കുന്നുമുണ്ട്. ഇന്ത്യൻ നെറ്റിസൺസിനിടയിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ മത്സരമാണെന്ന് തന്നെ പറയാം. എന്നാൽ ഏറ്റവും ജനപ്രീതി ഇതിൽ ഏത് ആപ്പിനായിരിക്കും എന്ന ആകാംക്ഷ നമ്മളിൽ പലർക്കുമുണ്ട്.
എന്നാൽ ഇപ്പോൾ അതിനുള്ള ഉത്തരവുമായി പെർപ്ലെക്സിറ്റി എ.ഐയുടെ സി.ഇ.ഒ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പെർപ്ലെക്സിറ്റി എ.ഐയാണ് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ്. ഇതിന്‍റെ ചാർട്ടാണ് അരവിന്ദ് ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തേക്ക് ആപ്പിന്റെ ശ്രദ്ധേയമായ ഉയർച്ച കാണിക്കുന്ന സ്ക്രീൻഷോട്ടുകളാണ് അരവിന്ദ് ശ്രീനിവാസ് പങ്കിട്ടത്.സോഹോയുടെ അരാട്ടൈ മെസഞ്ചർ, ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി തുടങ്ങിയ ജനപ്രിയ ആപ്പുകളെയെല്ലാം പെർപ്ലെക്സിറ്റി മറികടന്നു.
‘ഇന്ത്യയിലെ പ്ലേ സ്റ്റോറിലെ എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തുള്ള ആപ്പാണ് പെർപ്ലെക്സിറ്റി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം സ്ക്രീൻഷോട്ടുകൾ എക്‌സിൽ പങ്കിട്ടിരിക്കുന്നത്. പെർപ്ലെക്സിറ്റി ആഗോള ഭീമന്മാരെയും പ്രാദേശിക ജനപ്രിയ ആപ്പുകളായ അറാട്ടൈ എന്നിവയെയും മറികടക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
പെർപ്ലെക്സിറ്റി എ.ഐ
ഗൂഗ്ളിൽനിന്നും ചാറ്റ് ജി.പി.ടിയിൽനിന്നുമെല്ലാം വ്യത്യസ്തമായി പുതിയൊരു തിരയൽ രീതിക്ക് ഇന്റർനെറ്റിൽ സാധ്യതയുണ്ടെന്ന് തെളിയിച്ച ആപ്പാണ് പെര്പ്ലെക്സിറ്റി എ.ഐ. ഏത് വിഷയത്തിലെ ഏത് ചോദ്യത്തിനും പെർപ്ലെക്സിറ്റിയിൽ ഉത്തരമുണ്ട് എന്നതാണ് ഇതിന്‍റെ പ്രത്യേകത. തിരയലുകളെ നൂതന ജനറേറ്റീവ് എ.ഐയുമായി സംയോജിപ്പിക്കുന്ന തത്സമയ, സൈറ്റേഷൻ പിന്തുണയുള്ള പ്രതികരണങ്ങൾ നൽകാനുള്ള കഴിവാണ് ഇതിനെ മറ്റ് എ.ഐ ആപ്പുകളിൽ നിന്ന് വേറിട്ടുനിർത്തുന്നത്. കൃത്യമായ ഉത്തരങ്ങൾ നൽകുന്നു എന്ന് മാത്രമല്ല അവയുടെ ആധികാരിക സൈറ്റുകളും പെർപ്ലെക്സിറ്റി നൽകും.
പെർപ്ലെക്സിറ്റി എ.ഐ ഇപ്പോൾ ഇന്ത്യയിൽ 38 ദശലക്ഷം ഡൗൺലോഡുകൾ കടന്നിരിക്കുന്നു എന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നത്. അതേസമയം അറാട്ടൈ മെസഞ്ചർ ആപ്പ് ഈ മാസം ആദ്യം ഡൗൺലോഡുകളിൽ ശ്രദ്ധേയമായ വർധനവ് കാണിച്ചിരുന്നു. നിലവിൽ രണ്ടാം സ്ഥാനത്താണ്.
ചാറ്റ് ജി.പി.ടിയും ഗൂഗിൾ ജെമിനിയും നിലവിൽ പിന്നിലാണ്. പെർപ്ലെക്സിറ്റിയുടെ ഉപയോഗത്തിലും ഡൗൺലോഡിലും ഉണ്ടായ കുതിച്ചുചാട്ടത്തിന് നിരവധി കാരണങ്ങൾ പറയുന്നുണ്ട്. ടെലികോം കമ്പനിയായ എയർടെലുമായുള്ള പാർട്ണർഷിപ്പ്, പ്രാദേശികവൽക്കരണം എന്നിവയെല്ലാം ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നുണ്ട്.