തിരുവനന്തപുരം: ഇന്ത്യ- മാലിദ്വീപ് സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി. എക്സസൈസ് എക്യുവെറിൻ (EKUVERIN) എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഈ മാസം 14 വരെയാണ് പരിപാടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനം അടക്കം വിവിധ മേഖലകളിൽ പരിശീലന പരിപാടികൾ നടക്കും. ഇന്ത്യൻ കരസേനയെ പ്രതിനിധീകരിച്ച് ഗഡ് വാൾ റൈഫിൾ ആണ് സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്. മേഖലയിലെ പൊതുവായ സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ അഭ്യാസങ്ങൾ, സംയുക്ത പ്രവർത്തന ആസൂത്രണം എന്നിവ ഇരു സൈന്യവും പങ്കുവെക്കും.
