ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് പറഞ്ഞത് 10 ശതമാനം പേർ; വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസമില്ല – സർവേ ഫലം

news image
Apr 13, 2024, 3:48 am GMT+0000 payyolionline.in

തിരുവനന്തപുരം: എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോൾ സർവേയിൽ 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് നടത്തുന്ന സിഎസ്‍ഡിഎസ് – ലോക്നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സിൽ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും തുല്യതയുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു.

 

ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത് 10 ശതമാനം പേർ മാത്രം. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വെയിലെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തൽ. 2019 ൽ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏതെങ്കിലും തരത്തിൽ അവിശ്വാസം രേഖപ്പെടുത്തി.

 

വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ അവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേർ കരുതുന്നു. 100 പാർലമെന്‍റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിങ് സ്റ്റേഷനുകളിലാണ് സർവേ നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe