‘ഇന്നെത്തിയില്ലെങ്കിൽ ജോലി പോകും, വിസ തീരും’;12 മണിക്കൂർ, എയർ ഇന്ത്യ റദ്ദാക്കിയത് 78 സർവ്വീസ്, വലഞ്ഞ് യാത്രികർ

news image
May 8, 2024, 8:52 am GMT+0000 payyolionline.in

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ  ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 12 മണിക്കൂറിനിടെ റദ്ദാക്കിയത് 78 വിമാന സർവീസുകള്‍. കരിപ്പൂരിൽ നിന്നും റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആണ് മുടങ്ങിയത്. യാത്രക്കാരിൽ ഭൂരിഭാഗവും  വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ റദ്ദായ വിവരം അറിഞ്ഞത്.

വിമാനത്താവളത്തിൽ പ്രതിഷേധിച്ച യാത്രക്കാരെ പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്. വിസ കാലാവധി കഴിയുന്നവരും ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുന്നവരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഇന്നത്തെയില്ലെങ്കില്‍ ജോലി നഷ്ടമാകുന്നവരും ഭര്‍ത്താവ് ഐസിയുവിലായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന യുവതിയുമടക്കം യാത്ര മുടങ്ങിയതോടെ പ്രതിസന്ധിയിലായി.

എന്നാൽ യാത്ര പുനക്രമീകരിക്കാനോ പണം മടക്കി വാങ്ങനോ യാത്രക്കാർക്ക് അവസരം ഉണ്ടാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അധികൃതർ അറിയിച്ചു. അടിയന്തിര ആവശ്യമുള്ള ആളുകൾക്ക് അടുത്ത ദിവസത്തെ വിമാനത്തിൽ തന്നെ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വ്യോമയാന അതോറിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അലവന്‍സ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറിലേറെ ജീവനക്കാരാണ് പണിമുടക്കുന്നത്. എന്നാല്‍ ക്യാബിന്‍  ക്രൂവിന്‍റെ സമരം നിയമവിരുദ്ധമാണെന്നും എയര്‍ ഇന്ത്യഎക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്തവരാണ് സമരത്തിലെന്നുമാണ് വിമാന കമ്പനിയുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe