ഇരുന്ന് കൊടുത്താൽ മതി, കസേര മസാജ് ചെയ്തുകൊള്ളും; റെയിൽവേ സ്റ്റേഷനുകളിൽ ഇനി മസാജ് സൗകര്യം!

news image
Mar 6, 2025, 4:02 am GMT+0000 payyolionline.in

കണ്ണൂർ: മസാജ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിലെ പ്രത്യേക കസേരയിൽ ഇരുന്നാൽ മതി. യന്ത്രക്കസേരയുടെ കൈകൊണ്ട് മസാജ് ചെയ്യും. കുട്ടികളെയുംകൊണ്ട് സ്റ്റേഷനിൽ ഇരുന്ന് മുഷിയുകയാണെങ്കിൽ വണ്ടി വരുന്നതുവരെ ഗെയിം കളിക്കാം. മാളുകൾക്ക് സമാനമായ മാറ്റങ്ങളാണ് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വരുന്നത്.

 

കോഴിക്കോട്, ഒറ്റപ്പാലം, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് മസാജ് ചെയർ വരുന്നത്. ഇരുന്ന് കൊടുത്താൽ മതി, കസേര മസാജ് ചെയ്തുകൊള്ളും. മിനിറ്റിനനുസരിച്ചാണ്‌ നിരക്ക്‌. മംഗളൂരു സെൻട്രലിൽ ഇത് പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് നിർമാണത്തിലാണ്. മൂന്ന് മസാജ് കസേരകളാണ് ഇവിടെ ഒരുക്കുന്നത്. മറ്റ് സ്റ്റേഷനുകളിലും താമസിയാതെ എത്തും.

പാലക്കാട് ജങ്‌ഷൻ, പരപ്പനങ്ങാടി എന്നീ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഗെയിമിങ് സോൺ വരുന്നത്. കംപ്യൂട്ടർ ഗെയിമുകൾ ഉൾപ്പെടെ അതിൽ സജ്ജീകരിക്കും. ഇതിനായി ടെൻഡർ വിളിച്ചു. മംഗളൂരുവിൽ സ്ലീപ്പിങ് പോഡുകൾ നിർമിക്കും. കാപ്‌സ്യൂൾ രൂപത്തിലുള്ള വിശ്രമസ്ഥലമാണ് അത്.

കിടക്ക, ചാർജിങ് പോയിന്റ് അടക്കമുള്ള ചെറുവിശ്രമ കേന്ദ്രത്തിൽ ലഗേജും സൂക്ഷിക്കാം. രാത്രി സ്റ്റേഷനിൽ വന്ന് പുലർച്ചെയുള്ള വണ്ടിക്ക് കാത്തുനിൽക്കുന്നവർക്ക് ഇത് ഉപകാരമാകും.കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ആരോഗ്യസഹായത്തിന് ഹെൽത്ത് കിയോസ്‌കുകളും വരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe