ചായ പ്രേമികൾ നമുക്കിടയിൽ ഒരുപാടാണ്. ഒരു ദിവസം എത്ര ചായ വേണമെങ്കിലും കുടിക്കാൻ ഇഷ്ടമുള്ളവരാണ് ഒരുപാട് ആളുകൾ. വെറൈറ്റി ചായ കുടിക്കാനായി കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരുടെ റീലുകൾ ദിനപ്രതി വൈറലാകാറുണ്ട്. അങ്ങനെ ചായ ഇഷ്ടമുള്ളവർക്കായി ഇതാ ഒരു റെസിപ്പി. ഇറാനി ചായ ഇനി വീട്ടിൽ ഉണ്ടാക്കി എടുക്കാം.
ആവശ്യ സാധനങ്ങൾ:
ചായപ്പൊടി – 1 സ്പൂൺ
ഏലക്ക പൊടി – അര സ്പൂൺ
പഞ്ചസാര – 1 സ്പൂൺ
പാൽ – രണ്ട് കപ്പ്
മൈദാ മാവ് – ആവശ്യത്തിന്
കറാമ്പൂ – 1 എണ്ണം
മിൽക്ക് മെയ്ഡ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
രണ്ട് ഗ്ലാസിന് ആവശ്യമായ ചേരുവകളാണ് എടുത്തിരിക്കുന്നത്. ആവശ്യാനുസരണം ചേരുവകൾ കൂട്ടാവുന്നതാണ്. ആദ്യം ഒരു പാത്രത്തിൽ എടുത്ത് വെച്ചിരിക്കുന്ന പാൽ നന്നായി തിളപ്പിച്ചെടുക്കുക. നന്നായി കുറുക്കി എടുക്കണം. പാൽ നന്നായി തിളച്ച് വറ്റി തുടങ്ങുമ്പോൾ, അതിലേക്ക് കുറച്ച് പഞ്ചസാരയും മിൽക്ക് മൈയ്ഡും ചേർത്ത് ഇളക്കി തിളപ്പിക്കുക.
മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളയ്പ്പിക്കുക. അതിലേക്ക് ചായപ്പൊടിയും, ഏലക്ക പൊടിയും, കറാമ്പൂവും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ച് വരുമ്പോൾ ആ പത്രം ദം ചെയ്ത് വെയ്ക്കണം. അതിനായി മൈദാ മാവ് കുഴച്ച് ഈ പത്രത്തിന്റെ സൈഡിൽ ബിരിയാണി ദം ചെയ്യുന്ന രീതിയിൽ ദം ചെയ്ത് വെയ്ക്കണം. ശേഷം ഒരു പത്ത് മിനിറ്റ് ലോ ഫ്ളൈമിൽ വയ്ക്കാൻ ശ്രദ്ധിക്കണം. പത്ത് മിനിറ്റ് കഴിഞ്ഞ് ചായപ്പൊടി ലായിനി അരിച്ചെടുക്കണം.
ശേഷം ഒരു ഗ്ലാസിൽ ആദ്യം ദം ചെയ്ത രണ്ട് സ്പൂൺ ചായപ്പൊടി ലായിനി ചേർക്കുക. അതിലേക്ക് കുറുകിയ പാൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ഇറാനി ചായ റെഡി.
