ഇലക്ട്രോണിക് ആക്രമണം? ഹിസ്‌ബുല്ലയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; 8 മരണം, 2800 പേർക്ക് പരിക്ക്

news image
Sep 17, 2024, 5:21 pm GMT+0000 payyolionline.in

ബെയ്റൂട്ട്: ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ചു. ലെബനോനിൽ ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആസൂത്രിത ഇലക്ട്രോണിക്സ് ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു.

ഇസ്രായേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബാനോനെ നടുക്കിയ പേജാർ സ്‌ഫോടനങ്ങൾ നടന്നത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരേ സമയത്ത് ലെബനോനിൽ ഉടനീളം പൊട്ടിത്തെറിച്ചത്.

മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന. ലെബനോനിലെ പല ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലെബനോനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്‌ഫോടനത്തിൽ പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് കരുതുന്നത്. ഇസ്രയേൽ നടത്തിയ ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രതികരിച്ചു. ഹിസ്ബുല്ലയുടെ ഈ ആരോപണം ശരിയാണെങ്കിൽ ലോകത്തെ ത്തന്നെ അസാധരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേൽ നടപ്പാക്കിയത് എന്ന് സമ്മതിക്കേണ്ടി വരും. പുതിയ സംഭവത്തോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക കനക്കുകയാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe