ഇളം നിറമുള്ള മഞ്ഞളുമായി ചെലവൂരിലെ സുഗന്ധവിള ഗവേഷണ കേന്ദ്രം

news image
Apr 19, 2025, 12:05 pm GMT+0000 payyolionline.in

കോഴിക്കോട്‌: മഞ്ഞൾപൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞൾ പുറത്തിറക്കി ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. സുഗന്ധവ്യഞ്ജന മേഖലയിൽ ഇളംനിറത്തിലുള്ള മഞ്ഞളിനും പൊടിക്കും ആവശ്യക്കാർ ഏറിവരുന്ന സാഹചര്യത്തിലാണ്‌ അത്യുൽപ്പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതുമായ ‘ഐഐഎസ്ആർ സൂര്യ’ എന്ന പുതിയ ഇനം മഞ്ഞൾ പുറത്തിറക്കിയത്‌. പൊടി തയ്യാറാക്കാൻ ഇളം നിറത്തിലുള്ള മഞ്ഞളിനാണ് മുൻഗണനയെങ്കിലും ഇതിന്റെ ലഭ്യത വളരെ കുറവാണ്. തയ്യാറാക്കുന്ന മസാലകളിൽ നിറവ്യത്യാസം ഉണ്ടാവില്ലെന്നതും വിദേശ വിപണികളിൽ, പ്രത്യേകിച്ച് ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങളിൽ ഇളം നിറത്തിലുള്ള മഞ്ഞൾ ഉൽപ്പന്നങ്ങൾക്കാണ് സ്വീകാര്യത എന്നതും ഇതിന്റെ ആവശ്യകത വർധിപ്പിക്കുന്നു.

ഇളം നിറമുള്ള മഞ്ഞളിൽ മൈദുകൂർ, സേലം ലോക്കൽ തുടങ്ങിയവയാണ് പ്രചാരത്തിലുള്ളത്‌. ഇവയ്‌ക്ക് വിളവുകുറവായതിനാൽ കൃഷി ചെയ്യാൻ കർഷകർ താൽപ്പര്യപ്പെടുന്നില്ല. ഇതുമൂലം ഈ മഞ്ഞൾ പലപ്പോഴും സാധാരണ നിറമുള്ളതോടൊപ്പം കലർത്തിയാണ് വിപണിയിലെത്തിക്കുന്നത്. ഐഐഎസ്ആർ സൂര്യയ്‌ക്ക്‌ അത്യുൽപ്പാദനശേഷിയുള്ളതിനാൽ ഹെക്ടറിന് ശരാശരി 29 ടൺ വിളവ് കിട്ടും. നിലവിലുള്ളവയെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വർധനയാണിത്. നിർദേശിക്കുന്ന സാഹചര്യങ്ങളിൽ കൃഷി ചെയ്താൽ ഹെക്ടറിന് 41 ടൺ വരെ പരമാവധി വിളവ് സൂര്യയിൽനിന്ന്‌ ലഭിക്കും. ഉണക്കിന്റെ തോത് നോക്കുമ്പോൾ ഹെക്ടറിൽ ശരാശരി 5.8 ടണ്ണോളം ഉണങ്ങിയ മഞ്ഞളും ലഭ്യമാവും. സാധാരണയിൽനിന്ന്‌ വ്യത്യസ്തമായ മണം സൂര്യയുടെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ്‌ പ്രതീക്ഷ. 2-3 ശതമാനം കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം നിലനിർത്തുന്ന മഞ്ഞളിന്റെ ജനിതകശേഖരത്തിൽ (ജെംപ്ലാസം) നടത്തിയ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയാണ് സൂര്യ. ക്ലോണൽ സെലക്ഷൻ വഴി പത്തുവർഷമെടുത്താണിത്‌ വികസിപ്പിച്ചത്. കേരളം, തെലങ്കാന, ഒഡിഷ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ സൂര്യ കൃഷിചെയ്യാൻ അനുകൂലമാണെന്ന് സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ദേശീയ ഏകോപന സമിതി (എഐസിആർപിഎസ്) നിർദേശിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരായ ഡോ. ഡി പ്രസാദ്, ഡോ. എസ് ആർ രതി, ഡോ. എൻ കെ ലീല, ഡോ. എസ്‌ മുകേഷ് ശങ്കർ, ഡോ. ബി ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് ഗവേഷണത്തിൽ പ്രവർത്തിച്ചത്.

സൂര്യ വേണോ, *വിളിക്കൂ

ഐഐഎസ്ആർ സൂര്യയുടെ നടീൽ വസ്തു ഉൽപ്പാദനത്തിനുള്ള ലൈസൻസുകൾ ഗവേഷണ കേന്ദ്രം നൽകും. കർഷകർക്കും നഴ്സറികൾക്കും ലൈസൻസിനും ബുക്കിങ്ങിനായും ചെലവൂരിലെ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ബന്ധപ്പെടാം. വിലാസം: ഐടിഎം – എബിഐ യൂണിറ്റ്,ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, മേരിക്കുന്ന്‌ പിഒ, കോഴിക്കോട് – 673012. ഫോൺ: 0495 -2731410. ഇ മെയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe