ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന് ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ സുരക്ഷാ സേനാംഗമാണ് കൊല്ലപ്പെട്ട ആറാമത്തെ വ്യക്തി
ദോഹയിൽ ഉഗ്രസ്ഫോടനങ്ങൾ, ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ ആക്രമണമെന്ന് റിപ്പോർട്ട്
ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ‘ഭീരുത്വം നിറഞ്ഞ’ ഇടപെടല്‍ എന്നാണ് ആക്രമണത്തോട് ഖത്തര്‍ പ്രതികരിച്ചത്. ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന അമേരിക്കയുടെ വാദത്തെയും ഖത്തര്‍ തള്ളി. അമേരിക്കയില്‍ നിന്ന് മുന്‍കൂര്‍ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആക്രമണം ആരംഭിച്ച് 10 മിനിറ്റിനുശേഷമാണ് വാഷിങ്ടണില്‍ നിന്ന് കോള്‍ വന്നതായും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ വ്യക്തമാക്കി.
ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചും സൗദി അറേബ്യ, യുഎഇ തുടങ്ങി രാഷ്ട്രങ്ങളും രംഗത്തെത്തി. ഇസ്രായേല്‍ അതിന്റെ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്കി. ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണം ഇത് നഗ്നവും ഭീരുത്വവുമായ പ്രവൃത്തിയാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പ്രതികരിച്ചു.