ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഇന്നും ഗാസ അതിർത്തിയിൽ പ്രവേശിച്ചു. ഇന്നും ഗാസയിൽ കനത്ത ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.
സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അതിനിടെ, പഞ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ശിറിയ വ്യക്തമാക്കിയിട്ടില്ല. ഹമാസ് പ്രതിനിധികൾ മോസ്കോയിലെത്തിയതായി റഷ്യ സ്ഥിരീകരിച്ചു. ഇന്ന് സമാധാനത്തിനായുള്ള നർണ്ണായക ചർച്ചകൾ നടക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യുടെ നീക്കത്തെ ശക്തമായി എതിർത്ത് ഇസ്രയേൽ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.