ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

news image
Apr 16, 2026, 8:31 am GMT+0000 payyolionline.in

കൊല്ലം: ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച 21-കാരൻ പോലീസ് പിടിയിലായി. നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് ഏരൂർ പോലീസിന്റെ പിടിയിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം വഴി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സമയത്ത് പ്രതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് പ്രചരിപ്പിച്ചത്. ഇരുവരും തമ്മിൽ പിരിഞ്ഞതിലുള്ള വൈരാഗ്യം കാരണം പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈലിലേക്ക് പ്രതി ഈ ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.

സുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ പറയുകയും മാതാപിതാക്കൾ ഏരൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അർജുൻ കൃഷ്ണനെതിരെ പോക്സോ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നെട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe