ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം നിലനിൽക്കില്ലെന്ന് പൊലീസ്

news image
Jun 7, 2026, 10:33 am GMT+0000 payyolionline.in

തിരുവനന്തപുരം: റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളുടെ വാദം തള്ളി പൊലീസ്. പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്ന പ്രതികളുടെ വാദം നിലനിൽക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. കൈയിൽ ആയുധങ്ങളുമായാണ് പ്രവർത്തകർ എത്തിയതെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി നൽകണമെന്നും പൊലീസ് ആവശ്യപ്പെടും.

ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നായിരുന്നു എന്നായിരുന്നു പ്രതികളുടെ വാദം. പ്രതിഷേധിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ എത്തിയതെന്നും ആക്രമിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു അഞ്ച് പ്രതികൾ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രതികളുടെ വാദം തള്ളുകയാണ് പൊലീസ്. ഇ ഡി സംഘത്തിന് നേരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇഷ്ടിക അടക്കമുള്ള വസ്തുക്കളുമായായിരുന്നു പ്രവർത്തകർ എത്തിയത്. പ്രതിഷേധിക്കുക മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഗൂഢാലോചന തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ എന്തെങ്കിലും ആഹ്വാനം നടന്നിട്ടുണ്ടോ, നേതാക്കൾക്ക് അതിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫോണുകൾ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാ ഫലം വന്ന ശേഷമായിരിക്കും അന്തിമ തീരുമാനത്തിൽ എത്തുക.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നിലവിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്‌പെക്ടർമാരും ഏഴ് എസ്‌ഐമാരും അടക്കം മുപ്പത് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം. ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പ്രത്യേക സംഘത്തിന് വിടുകയായിരുന്നു.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe