തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോർട്ട്. ഐപിഎസ് ഉദ്യോഗസ്ഥർക്കടക്കം വീഴ്ചയുണ്ടായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിട്ടും മുൻകരുതലുകൾ എടുത്തില്ല. സ്ഥലത്തുണ്ടായിരുന്നത് ജൂനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ മാത്രമാണ്. ചുമതല നൽകിയിട്ടും റേഞ്ച് ഡിഐജി നേരിട്ടെത്തിയില്ലെന്നും വാഹനം പുറത്തേക്കിറങ്ങുമ്പോൾ ഇരുവശങ്ങളിലും സുരക്ഷ തീർത്തില്ലെന്നും വിമർശമുണ്ട്. മാത്രമല്ല പൊലീസുകാർക്ക് ആവശ്യമായ നിർദേശം നൽകാൻ ഡിസിപിക്കും എസ്എച്ച്ഒയ്ക്കും കഴിഞ്ഞില്ലെന്നും സ്ഥലത്ത് വെച്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇ ഡി റെയ്ഡിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്. കണ്ടാൽ അറിയാവുന്നവർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ലഹളയുണ്ടാക്കൽ, അനധികൃതമായി സംഘം ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമണം എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. ഇതിൽ പന്ത്രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രതികളായ സിപിഐഎം പ്രവർത്തകരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് മേധാവിയുടെ നിർദേശം.
