തിരുവനന്തപുരം: അംഗീകാരമില്ലാത്ത ത്രാസുകൾ ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ ആശുപത്രികൾക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിലാണ് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളിൽ ത്രാസിന്റെ കൃത്യത പ്രധാന ഘടകമാണെന്നും ത്രാസിന് കൃത്യതയില്ലെങ്കിൽ നവജാത ശിശുക്കൾക്കും രോഗികൾക്കും മരുന്ന് നിശ്ചയിക്കുന്നതിലുൾപ്പെടെ വ്യത്യാസം ഉണ്ടാകുമെന്നും മെട്രോളജി വകുപ്പ് അറിയിച്ചു. നഗരത്തിലെ ആറ് ആശുപത്രികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 1.30 ലക്ഷം രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.