കോട്ടയം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ വെച്ചയാളെ കണ്ടെത്തി. മാനസിക വെല്ലുവിളിയുള്ള യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പൊലീസ് അറിയിച്ചു.
പുതുപ്പള്ളി ഓർത്തഡോക്സ് പള്ളിയിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കല്ലറയിൽ പോസ്റ്റർ വെച്ച സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആളെ തിരിച്ചറിഞ്ഞത്.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എൽ.ഡി.എഫ് ഉമ്മൻചാണ്ടിയെ അപമാനിച്ചെന്നും ജാഥാ ക്യാപ്റ്റനായ ജോസ് കെ. മാണി മാപ്പ് പറയണമെന്നും കോട്ടയം ഡി.സി.സി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന കാര്യത്തിൽ സംശയവും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
