തിരുവനന്തപുരം ∙ സോളർ ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസ് നടത്താൻ വക്കീൽ ഫീസായി സർക്കാർ ചെലവിട്ടത് 1.23 കോടി രൂപ. സോളർ കമ്മിഷന്റെ കണ്ടെത്തലുകൾക്കെതിരെ ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിനുവേണ്ടി ഹാജരാകാൻ അഡ്വ. രഞ്ജിത് കുമാറിനു ഫീസായി മാത്രം നൽകിയത് 1.20 കോടിയാണ്. വിമാനയാത്ര, താമസം എന്നിവയ്ക്കായി 3.07 ലക്ഷം രൂപയും മുടക്കി. ഇതുകൂടാതെ, കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച ഘട്ടത്തിൽ തുടരന്വേഷണത്തിനു നിയമോപദേശം തേടാൻ 5.5 ലക്ഷം രൂപയും ചെലവിട്ടു.
സുപ്രീം കോടതിയിലെ റിട്ട. ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശമാണു തേടിയത്. നിയമസഭയിൽ സി.ആർ.മഹേഷിന്റെ ചോദ്യത്തിന് നിയമ മന്ത്രി പി.രാജീവ് നൽകിയ ഉത്തരത്തിലാണ് ഈ വിവരങ്ങളുള്ളത്. മഹേഷിന്റെ ചോദ്യത്തിന് നിയമസഭാ വെബ്സൈറ്റിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ഐ.ബി.സതീഷ് എംഎൽഎയുടെ ചോദ്യത്തിന്റെ ഉത്തരമായിരുന്നു. ഈ തെറ്റ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് സോളർ കേസിലെ വക്കീൽ ഫീസ് സംബന്ധിച്ച ഉത്തരം മഹേഷിനു ലഭ്യമാക്കിയത്. സോളർ കമ്മിഷന്റെ പ്രവർത്തനത്തിനായി ആകെ 1.77 കോടി രൂപ ചെലവിട്ടെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.