ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് ശക്തമായ മഴ, ടൗൺപാലം മുങ്ങി; 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു 

news image
Aug 27, 2024, 4:43 am GMT+0000 payyolionline.in

കോഴിക്കോട്: ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറ‍ഞ്ഞു. പുലർച്ചെ മൂന്നു മണിവരെ ശക്തമായ മഴയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. 20 കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റിയത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാംപിലേക്ക് മാറ്റിയവരും കൂട്ടത്തിലുണ്ട്.

ആളുകൾ സുരക്ഷിതരാണെന്ന് പ‍ഞ്ചായത്ത് അംഗം സെൽമ വട്ടക്കുന്നേൽ പറഞ്ഞു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പാലത്തിന്റെ ബലം പരിശോധിച്ചശേഷമേ വാഹനങ്ങൾ കടത്തിവിടൂ. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറ‍ഞ്ഞു. ജൂലൈ 29നു രാത്രിയിലാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. 4 കടകളും നശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe