കോഴിക്കോട്> സംസ്ഥാനത്ത് സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി (യു എല്‍ സി സി എസ്) സന്നദ്ധമാണെന്ന് ചെയര്മാന് രമേശന് പാലേരി പറഞ്ഞു. താല്പര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇത്തരമൊരു സ്ഥാപനം നാടിന്റെ വളര്‍ച്ചക്ക് സഹായകമാകുമെന്നാണ് യുഎല്‍ സി സി എസിന്റെ പ്രതീക്ഷ–.കലിക്കറ്റ് പ്രസ്ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞു.
ശതാബ്ദിക്ക് ഫെബ്രുവരി 13ന് തുടക്കമാകും. ഒരുവര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കോര്‍പ്പറേറ്റ് മേഖലയ്ക്ക് ബദലായി കോ ഓപ്പറേറ്റീവ് മേഖലഎന്ന സന്ദേശവുമായി വൈവിധ്യവല്‍ക്കരണത്തിലൂടെ മുന്നേറുക എന്നതാണ് ശതാബ്ദിയില്‍ ലക്ഷ്യമിടുന്നത്.നാടിന്റെ മാതൃകാസ്ഥാപനമായി ഈ തൊഴിലാളി കൂട്ടായ്മ ഇനിയും മുന്നോട്ട് പൊകും.
മികച്ച സാങ്കേതികവിദ്യയിലൂടെ നിര്‍മ്മാണ കാലാവധി മൂന്നിലൊന്നായി കുറയ്ക്കാനും പ്രകൃതിയെ നശിപ്പിക്കാതെ നിര്‍മ്മാണ മേഖലയ്ക്ക് പുതിയ ഉല്പന്നങ്ങള് വികസിപ്പിക്കാനും ഹരിതാഭ നിലനിര്‍ത്തിയുള്ള എന്‍ജിനിയറിംഗ് രീതികള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ട്.ഇതിനായി ഐ ഐ ടി കള്‍, അന്താരാഷ്ട്ര സര്‍വ്വകലാശാലകള്‍, ലോകത്തെ ഒന്നാം നിര സഹകരണസ്ഥാപനമായ മോണ്ട്രിഗോണിനെ(സ്പെയിന്)യടക്കം പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സഹകരണ ഉച്ചകോടി ,കലാസാംസ്കാരിക പരിപാടികള്‍, പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമായി ക്ഷേമ പദ്ധതികള്‍ ഇവയും ആലോചിക്കുന്നു.
18,000 തൊഴിലാളികളാണ് ഇപ്പോള്‍ ഊരാളുങ്കലിന് കീഴില്‍ ജോലിചെയ്യുന്നത്. 1500 എന്‍ജിനീയര്‍മാരും ജീവനക്കാരുമുണ്ട്. 2500കോടിയാണ് ആകെവരുമാനം. ഏഴായിരം പ്രോജകട് പൂര്‍ത്തിയാക്കി. 700 എണ്ണം പുരോഗമിക്കുന്നു. ദേശീയപാത ബൈപാസടക്കമുള്ള വന്‍കിട പദ്ധതികള്‍ക്കൊപ്പം നിരവധി പഞ്ചായത്തുകളുടെ വികസനപദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. വിശ്വാസ്യതയും സത്യസന്ധതയുമാണ് മൂലധനമെന്നതിനാല്‍ ആരോപണങ്ങളൊന്നും ഊരാളുങ്കലിനെ ബാധിച്ചിട്ടില്ലെന്നും രമേശന് പാലേരി പറഞ്ഞു. ഊരാളുങ്കല്‍ എം ഡി എസ് ഷാജുവും പങ്കെടുത്തു.