കോഴിക്കോട്: പേരാമ്പ്രയില്‍ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതും ഗ്രാനേഡ് പ്രയോഗിച്ചതുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞിട്ടും ഷാഫിയെ ഭീകരമായി മര്‍ദ്ദിച്ചെന്നും അത് ഗുരുതരമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംപിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ എംപിക്ക് സ്വതന്ത്രമായി തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ ബന്ധപ്പെട്ടു. അദ്ദേഹം സ്ഥലത്തുണ്ട്. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ലാത്തി ചാര്‍ജ് ചെയ്തതും ഗ്രനേഡ് പ്രയോഗിച്ചതുമെല്ലാം. എംപിയാണ് എന്ന് അറിഞ്ഞിട്ടും ഷാഫിയെ ഭീകരമായി മര്‍ദ്ദിച്ചു. അദ്ദേഹത്തിന് മൂക്കിന് പരിക്കുണ്ട്. പൊലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ സമാധാനത്തിനാണ് എംപി അവിടെയെത്തിയത്. എംപിയെ ഭീകരമായി മര്‍ദ്ദിച്ചു. ഏഴോളം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പരിക്കേറ്റ് കിടക്കുകയാണ്. ശക്തമായി പ്രതിഷേധിക്കുന്നു. ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ അദ്ദേഹത്തെ അറിയാത്തവര്‍ ആരുമില്ല അവിടെ. എംപിയാണെന്ന് അറിഞ്ഞുകൊണ്ടാണ് മര്‍ദ്ദിച്ചത് എന്നത് ഗുരുതരമായ കാര്യമാണ്. സമരത്തില്‍ ഇറങ്ങുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും ക്രൂരമായി മര്‍ദിക്കുന്നത് ശരിയല്ല. ഇത് രാഷ്ട്രീയപ്രേരിതമായ നടപടിയാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. എംപിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. അതിനുളള എല്ലാ വഴികളും ഞങ്ങള്‍ നോക്കും. ജനാധിപത്യ സംവിധാനത്തില്‍ എംപിക്ക് സ്വതന്ത്രമായി തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നത് അംഗീകരിക്കാനാവില്ല. അത് അനുവദിച്ച് കൊടുക്കാന്‍ പറ്റില്ല. അതിനെതിരെ ശക്തമായി മുന്നോട്ടുപോകും’: രമേശ് ചെന്നിത്തല പറഞ്ഞു.