കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എം.എസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഫഹദ്, ജിഷ്ണു എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇവരെ കുറെ ദിവസങ്ങളിലായി അന്വേഷണ സംഘം തിരയുകയായിരുന്നു. കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എം.എസ് സൊലൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർത്തി നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
എം.എസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറത്തുവിട്ടിട്ടുണ്ട്.
എസ്.എസ്.എൽ.സി, ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2017ൽ ആരംഭിച്ച ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച ശേഷമാണ്.
മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയുടെയും ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. കഴിഞ്ഞവർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്.