വടകര: എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് കുത്തേറ്റു. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന, ജാമ്യവ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഒപ്പിടാൻ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ആക്രമണം.ഭർത്താവ് ഷിനോജ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കഴുത്തിലുൾപ്പെടെ അഞ്ചോളം കുത്തേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ആക്രമണം നടന്ന ഉടൻ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഇടപെട്ട് ഷിനോജിനെ കീഴടക്കുകയായിരുന്നു. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
