എത്യോപ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിന്റെ ആഘാതം ഇന്ത്യയിലും. ദില്ലിയടക്കം വിവിധ മേഖലകളിലെത്തിയ ചാരപ്പുക വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. നിരവധി സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ചാരപുക രാജ്യതലസ്ഥാനത്തെ വായുമലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഹെയ്തി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ചാരപുക ഇന്ത്യയിലുമെത്തിയത്.
രാജസ്ഥാനിലെ ജെയ്സാൽമീർ, ജോധ്പൂര്‍ മേഖലകളിലൂടെയാണ് എത്തിയ പുക ഹരിയാന, ദില്ലി എന്നിവിടങ്ങളിലേക്കേണ് വ്യാപിച്ചത്. മണിക്കൂറില്‍ 130കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതാണ് പുക ഇന്ത്യയിലേക്കെത്താന്‍ കാരണമായത്. കരിപടലം നിറഞ്ഞ പുക രാജ്യത്തെ അന്താരാഷ്ട്ര , ആഭ്യന്തര വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു.
എയര്‍ ഇന്ത്യ 4 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈ – മുംബൈ, ഹൈദരാബാദ് – മുംബൈ, കൊല്‍ക്കത്ത – മുംബൈ, ഹൈദരാബാദ് – ദില്ലി സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സുരക്ഷ പരിശോധനക്കായാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. ഇന്നലെ കരിമേഖ പടലങ്ങള്‍ ബാധിച്ച മേഖലയിലൂടെ പറന്ന വിമാനങ്ങളില്‍ ആണ് ഇന്ന് സുരക്ഷാപരിശോധന. ചാരപ്പുക വ്യാപകമായതോടെ വിമാന കമ്പനികള്‍ക്ക് ഡിജിസിഎ പ്രത്യക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനങ്ങളില്‍ പ്രത്യേക പരിശോധന നടത്തണം. എഞ്ചിനിലും കോക്പിറ്റിലും പ്രതികൂല സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്കി.
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ രാജ്യത്ത് വിവിധ മേഖലകളില്‍ 15 ഓളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ചാരപ്പുക വൈകീട്ടോടെ യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചാരപുക ദില്ലിയിലെ വായുമലിനീകരണ തോത് ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
