എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അംഗീകരിച്ചു; ജൂണ്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം

news image
Jul 29, 2023, 11:05 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേര്‍ക്കുകയും ചെയ്യും. ഇവര്‍ക്ക് കുറഞ്ഞത് 6000 രൂപ വര്‍ധനവുണ്ടാകും. 30,000 രൂപയില്‍ താഴെ മാസ ശമ്പളമുള്ള നിലവിലെ ജീവനക്കാര്‍ക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കി നിലവിലുള്ള ശമ്പളത്തിനൊപ്പം നിശ്ചിത ബോണസായി നല്‍കും.

2023 ജൂണ്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം വരിക. 2023-24 സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം ഇന്‍ക്രിമെന്റിന് ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഓരോ തസ്തികയുടെയും മിനിമം വേതനത്തിനുള്ള ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe