
എയ്ഡഡ് സ്ക്കൂളില്‍ അധ്യാപക നിയമനം സ്ഥിരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേഡ് അധ്യാപകന് വിജിലന്‍സ് പിടിയില്‍. കോട്ടയത്തെ എയ്ഡഡ് സ്ക്കൂളിലെ മൂന്ന് അധ്യാപകരുടെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് വടകര സ്വദേശിയായ വിജയന് കൊച്ചിയില്‍വെച്ച് പരാതിക്കാരനില്‍ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങവെയാണ് കോട്ടയത്തുനിന്നുള്ള വിജിലന്‍സ് സംഘം പിടികൂടിയത്.കോട്ടയത്തെ എയ്ഡഡ് സ്ക്കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തി നല്‍കുന്നതിന് ഇടപെടാം എന്ന് പറഞ്ഞായിരുന്നു വിജയന് പരാതിക്കാരെ സമീപിക്കുന്നത്. സെക്രട്ടേറിയറ്റില്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് കൈക്കൂലി നല്കിയാല് കാര്യങ്ങള്‍ നടക്കുമെന്ന് ഇയാള്‍ അധ്യാപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് വിജയന് അധ്യാപകരോട് ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒന്നര ലക്ഷമാക്കി കുറച്ചു. ഇക്കാര്യം അധ്യാപകര്‍ കോട്ടയം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജയന്റെ നിര്‍ദേശ പ്രകാരം കൊച്ചി ഹൈക്കോര്‍ട്ട് വാട്ടര്‍ മെട്രൊ സ്റ്റേഷനു സമീപം വെച്ച് പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.സ്ക്കൂളില്‍ സ്ഥിര നിയമനത്തിനുള്ള അധ്യാപകരുടെ അപേക്ഷ നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തള്ളിയതിനെത്തുടര്‍ന്ന് സര്‍ക്കാരിലും ഹൈക്കോടതിയിലും അധ്യാപകര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം മനസ്സിലാക്കിയ വിജയന് നിയമനം സ്ഥിരപ്പെടുത്തി നല്കാന് ഇടപെടാമെന്ന് പറഞ്ഞ് അധ്യാപകരെ സമീപിക്കുകയായിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു. കോഴിക്കോട് വടകരയിലെ സര്‍ക്കാര്‍ യു പി സ്ക്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി 8 വര്‍ഷം മുന്‍പ് വിരമിച്ച വിജയന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് നേരത്തെയും കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്. വിജയന്റെ മൊഴിയനുസരിച്ച് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

                            