എറണാകുളം: എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഇന്ന് ഉച്ചയ്ക്ക് 2.50ന് ആണ് സംഭവം. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഷൊർണൂരിലേയ്ക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ഉടൻ തന്നെ ക്രമീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഈ ഗതാഗത തടസ്സത്തെ തുടർന്ന് വന്ദേഭാരത് ട്രെയിൻ ഏകദേശം അരമണിക്കൂറോളം പിടിച്ചിട്ടു. അതിനുശേഷം അല്പസമയം മുമ്പാണ് യാത്ര പുറപ്പെട്ടുത്. തൃശ്ശൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന ട്രെയിനുകൾ അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ ശരിയായ ശേഷം മാത്രമേ ഈ ട്രെയിനുകൾ കടത്തിവിടുകയുള്ളൂപാളം തെറ്റിയ ഗുഡ്സ് ട്രെയിൻ മാറ്റുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളാണ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്ഥലത്തെത്തി.
