എറണാകുളത്തും കുറുവ സംഘം എത്തിയതായി സംശയം

news image
Nov 15, 2024, 5:11 am GMT+0000 payyolionline.in

എറണാകുളം > എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. തൂയിത്തറ പാലത്തിന് സമീപം കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ബുധനാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഘം മോഷ്ടിക്കാനെത്തിയത് അറിയുന്നത്. വീടിന്റെ പിൻവാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. രണ്ടിൽ കൂടുതൽ ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  ഈ പ്രദേശത്തെ അഞ്ചോളം വീടുകളില്‍ മോഷ്ടാക്കാൾ കയറാന്‍ ശ്രമിച്ചതായാണ് വിവരം. വടക്കേക്കര പൊലീസ് അന്വഷണം ആരംഭിച്ചു. സിസിടിവിൽ കണ്ടത് കുറുവ സംഘത്തെ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന സൂചനകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. പുന്നപ്ര തൂക്കുകുളത്ത് ഇന്നലെ രാത്രിയും കുറുവാ സംഘം എത്തിയതായാണ് വിവരം. ചിന്മയ സ്കൂളിന് സമീപം മോഷ്ടാവിനെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു.

 

 

കഴിഞ്ഞ ദിവസം പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചിരുന്നു. മുഖം മറച്ച ആളെ കണ്ടുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മണ്ണഞ്ചേരി, ചേര്‍ത്തല, കരീലക്കുളങ്ങര ഭാഗങ്ങളിലും സംഘം ചേർന്ന് മോഷ്ടാക്കൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ശക്തമാക്കി. മുഖം മറച്ച് അര്‍ധ നഗ്‌നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളാണ്. തമിഴ്‍നാട് കേന്ദ്രീകരിച്ചുള്ള സം​ഘം പകൽ വീടുകൾ നോക്കിവച്ച് രാത്രി മോഷ്ടിക്കാൻ കയറുന്നതാണ് രീതി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe