എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ ഇന്നലെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി. തെരുവുനായ കടിച്ചെടുത്ത കുട്ടിയുടെ ചെവി തുന്നിച്ചേർത്തു. മേക്കാട് വീട്ടിൽ മിറാഷിൻ്റെ മകൾ നിഹാരികയുടെ അറ്റുപോയ ചെവിയാണ് തുന്നിച്ചേർത്തത്. എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴികയാണ് കുട്ടി. ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി ആരോഗ്യ നില വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു നിഹാരിക. ഈ സമയത്താണ് കുട്ടിയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തതിന് പിന്നാലെ കുട്ടിയെ ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് വിവരം. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നായക്ക് പേവിഷ ബാധ ഏറ്റോയെന്ന് പരിശോധിക്കും. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.