ഏക സിവിൽകോഡ്‌ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടുന്നു: മന്ത്രി മുഹമ്മദ് റിയാസ്

news image
Jul 4, 2023, 5:45 am GMT+0000 payyolionline.in

കോഴിക്കോട്> ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ നിലപാട് പറയാതെ കോൺഗ്രസ് ഒളിച്ചോടുകയാണെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മത വർഗീയ വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടിവരുമ്പോൾ കോൺഗ്രസ് എല്ലാകാലത്തും ഇതേ സമീപനമാണ്‌  സ്വീകരിച്ചത്‌.  വർഗീയ അജൻഡകളോട് സന്ധിചെയ്യുകയും ഇരു മത വർഗീയവാദികളെയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന സമീപനമാണ് അവരുടേത്‌. അതുകൊണ്ടാണ് കോൺഗ്രസ് സംഘടനാപരമായി തകരുന്നത്.

പൗരത്വ നിയമഭേദഗതി വിഷയത്തിലും കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. 1992 ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ  നരസിംഹറാവു കണ്ണടച്ച്‌ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ച ശക്തവും മതനിരപേക്ഷവുമായ നിലപാടിനെ തകർക്കാനാണ് ബിജെപി ശ്രമിച്ചത്.  ബിജെപിക്കൊപ്പംനിന്ന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനായിരുന്നു കോൺഗ്രസ്‌ ശ്രമം. ഇന്ത്യ മതരാഷ്ട്രം ആകരുതെന്ന്‌ നിസ്വാർഥമായി ആഗ്രഹിക്കുന്ന സാധാരണ കോൺഗ്രസ്  പ്രവർത്തകർ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്. അത് ഭാവി കേരളരാഷ്ട്രീയത്തിൽ കൃത്യമായി പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe