ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

news image
May 17, 2024, 8:03 am GMT+0000 payyolionline.in

പത്തനംതിട്ട: ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ ക്ഷണിച്ചു.  ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്.

അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ നശിപ്പിക്കണം എന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ്‌
പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയ്യതി വൈകുന്നേരം വരെയാണ് ടെണ്ടർ സമ‍ർപ്പിക്കാനുള്ള തീയ്യതി. കരാർ ലഭിച്ചാൽ 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe