ഏഴാം ദിവസവും ‘ആകാശച്ചുഴി’യിൽ പെട്ട് യാത്രക്കാർ; ഇന്ന് റദ്ദാക്കിയത് 450 ഓളം ഇൻഡിഗോ സര്‍വീസുകള്‍

news image
Dec 8, 2025, 11:53 am GMT+0000 payyolionline.in

ഏഴാം ദിവസവും പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ. ഇൻഡിഗോ ഇന്ന് 450ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ഡിജിസിഎ നോട്ടീസിന് ഇന്‍ഡിഗോ സിഇഒ ഉടൻ മറുപടി നല്‍കും. സർവീസുകൾ സാധാരണ നിലയിലേക്കെന്ന് കമ്പനി അവകാശപെടുമ്പോഴും 450 ഓളം സർവീസുകളാണ് ഇന്നും റദ്ദാക്കിയത്. പ്രതിസന്ധിക്ക് പിന്നാലെ 4500ല്‍ അധികം വിമാന സര്‍വീസുകളും റദ്ദാക്കി. പല വിമാനത്താവളങ്ങളിലും ഇന്നും യാത്രക്കാര്‍ പ്രതിഷേധിച്ചു.

യാത്രയില്‍ വിമാന കമ്പനികളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ‌വൈദ്യസഹായം ഉൾപ്പെടെയുള്ളവക്ക് ഇൻഫർമേഷൻ ഡെസ്കിനെ സമീപിക്കണമെന്നും ദില്ലി വിമാനത്താവളം നിര്‍ദേശം നല്‍കി. ചണ്ഡീഗഡ് വിമാനത്താവളത്തിൽ പഞ്ചാബ് സർക്കാർ കൺട്രോൾ റൂം ആരംഭിച്ചു. ബുധനാഴ്ചയാകുമ്പോഴേക്കും സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്നാണ് ഇൻഡിഗോ അവകാശപ്പെടുന്നത്. ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസിന് സിഇഒ പീറ്റർ എൽബേഴ്‌സും സിഒഒ ഇസിദ്രെ പോർക്വറാസും ഉടന്‍ മറുപടി നല്‍കും.

ഇന്നലെ മറുപടി നല്‍കാനുള്ള സമയം നീട്ടിനല്‍കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ലഗേജുകളെല്ലാം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇന്‍ഡിഗോ ക്ക് DGCA കർശന നിര്‍ദേശം നൽകിയിട്ടുണ്ട്. 3000 ബാഗേജുകൾ ഇതിനകം ഇൻഡിഗോ യാത്രക്കാർക്ക് എത്തിച്ചു. 610 കോടി രൂപയുടെ റീഫണ്ടും നൽകിയിട്ടുണ്ട്. അതേ സമയം വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.വിഷയം സർക്കാർ പരിഗണനയിൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe