ഒഡീഷയിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ച് സംയുക്ത സേന

news image
Dec 25, 2025, 3:44 pm GMT+0000 payyolionline.in

ഭുവനേശ്വർ:  ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്റ്റ് കമാൻഡറെ സംയുക്ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ് സംയുക്ത സേന വധിച്ചത്. ഇയാൾക്കൊപ്പം രണ്ട് വനിതകൾ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഉയികെയുടെ തലയ്ക്ക് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.രാവിലെ ഒൻപത് മണിയോടെ റാംപ വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ സേനയാണ് മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിച്ചു. ഉച്ചയോടെ സുരക്ഷാ സേന ഗണേഷ് ഉയികെ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സ്ഥലത്തുനിന്നും അത്യാധുനിക ആയുധങ്ങളും കണ്ടെത്തി.

തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള മാവോയിസ്റ്റ് നേതാവാണ് ഗണേഷ് ഉയികെ. കഴിഞ്ഞ 40 വർഷമായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഉയികെയ്ക്ക് മാവോയിസ്റ്റ് പ്രസ്ഥാനം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്. അടുത്തിടെ ഒട്ടേറെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിനു പ്രവർത്തകർ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്തു. 2026 മാർച്ചോടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe