ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം

news image
Dec 13, 2025, 3:26 pm GMT+0000 payyolionline.in

താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീന് (ബാബു കുടുക്കിൽ) തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ് ഉണ്ടായിരുന്ന സൈനുൽ ആബിദ്ദീൻ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്. ഒരിക്കൽ പോലും സ്ഥാനാർഥി നേരിട്ട് പ്രചാരണത്തിനിറങ്ങാതെ നേടിയ വിജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 11ന് വോട്ടു ചെയ്യാനെത്തുമ്പോൾ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിൽ പൊലീസ് ബൂത്തിന് സമീപം കാത്തിരുന്നെങ്കിലും സൈനുൽ ആബിദ്ദീൻ വോട്ടു ചെയ്യാനും എത്തിയില്ല.
താമരശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു ആബിദ്ദീൻ, മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചത്. 225 വോട്ടിനാണ് വിജയം. ആബിദ്ദീന് നാമനിർദേശ പത്രിക നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീൻ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് ഒളിവിൽ പോയത്.രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർഥി നവാസ് 374 വോട്ട് നേടിയപ്പോൾ സൈനുൽ ആബിദ്ദീൻ 599 വോട്ട് നേടി. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോടാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. 68 വോട്ട് മാത്രമാണ് ബാലകൃഷ്ണന് നേടാനായത്. ഫ്രഷ്‌കട്ട് വിരുദ്ധ പ്രക്ഷോഭരംഗത്തുള്ള ഇരുതുള്ളിപ്പുഴ സംരക്ഷണസമിതിയുടെ സജീവ ഭാരവാഹി കൂടിയായ ബാലകൃഷ്ണൻ പുല്ലങ്ങോട് യുഡിഎഫിലെ സീറ്റുവിഭജന തർക്കത്തിനൊടുവിലാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്നത്. ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ചന്ദ്രൻ നായർ 56 വോട്ടാണ് നേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe